വാഷിംഗ്ടൺ ഡിസി: കൊളംബിയയിലെ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരേ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചു.
മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കാൻ നടപടികളെടുക്കുന്നില്ല എന്നാരോപിച്ചാണിത്. കൊളംബിയയിലെ ആഭ്യന്തര മന്ത്രി അർമാൻഡോ ബെനഡെറ്റി, ഗുസ്താവോ പെട്രോയുടെ പത്നി, മകൻ എന്നിവർക്കെതിരേയും ഉപരോധങ്ങളുണ്ട്.
ഒരു കാലത്ത് മയക്കുമരുന്ന് സംഘങ്ങൾക്കെതിരായ അമേരിക്കൻ പോരാട്ടത്തിൽ അമേരിക്കയുടെ സഖ്യകക്ഷിയായിരുന്നു കൊളംബിയ. എന്നാൽ ജനുവരിയിൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം കൊളംബിയയോടുള്ള സമീപനം മാറി.
പെട്രോയുടെ ഭരണത്തിൽ കൊളംബിയയിൽ കൊക്കെയ്ൻ മയക്കുമരുന്ന് ഉത്പാദനം ഭീമമായി വർധിച്ചെന്നും ഇത് അമേരിക്കയിലേക്ക് ഒഴുകുകയാണെന്നും ഉപരോധം പ്രഖ്യാപിച്ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ചൂണ്ടിക്കാട്ടി.
അടുത്തകാലത്ത് കൊളംബിയയിലെ കൊക്കെയ്ൻ ഉത്പാദനം റിക്കാർഡ് തലത്തിലാണെന്ന് ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കുന്ന ചിലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞമാസം യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ഗുസ്താവോ പെട്രോ, പലസ്തീൻ അനുകൂല റാലിയെ അഭിസംബോധന ചെയ്യുകയും അമേരിക്കൻ സൈനികർ ട്രംപിനെ ധിക്കരിക്കാൻ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇതേത്തുടർന്ന് പെട്രോയുടെ വീസ യുഎസ് റദ്ദാക്കിയിരുന്നു.
അമേരിക്കൻ സേന വെനസ്വേലൻ തീരത്തു നടത്തുന്ന ആക്രമണങ്ങളെയും പെട്രോ വിമർശിച്ചിരുന്നു. മയക്കുമരുന്ന് സംഘങ്ങൾക്കെതിരേ എന്നു പറയുന്ന ആക്രമണങ്ങളിൽ കൊളംബിയക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.